ENTERTAINMENT

മാലയിലെ പുലിപ്പല്ല് ലോക്കറ്റ്: സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കാനൊരുങ്ങി വനംവകുപ്പ്

കൊച്ചി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വനംവകുപ്പ് നോട്ടീസ് നല്‍കും. സുരേഷ് ഗോപി ധരിച്ചതായി കണ്ട മാല ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാകും നോട്ടീസ് നല്‍കുക. റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ്) പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയര്‍ന്നുവന്നത്.

സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ ലോക്കറ്റുള്ള മാല ധരിച്ചെന്ന് കാണിച്ച് പരാതികളും വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്. മാലയിലെ ലോക്കറ്റിലുള്ളത് യഥാര്‍ഥത്തിലുള്ള പുലിപ്പല്ലാണോ എന്ന് പരിശോധിക്കും. വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാംഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ല.

വാടാനപ്പള്ളി സ്വദേശിയും ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരേ പരാതി നല്‍കിയത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയിരുന്നത്.

സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button