ദേശീയ ശുചിത്വ റാങ്കിംഗിലെ കേരളത്തിന്‍റെ ചരിത്ര നേട്ടം; സന്തോഷം പങ്കുവച്ച് മന്ത്രി എം ബി രാജേഷ്

ദേശീയ ശുചിത്വ റാങ്കിംഗിൽ കേരളം കൈവരിച്ച തിളക്കമേറിയ നേട്ടത്തിന്‍റെ സന്തോഷം പങ്കുവച്ച് മന്ത്രി എം ബി രാജേഷ്. ചരിത്രത്തിലാദ്യമായി രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയെന്ന സന്തോഷം ഏവരുമായും പങ്കുവെക്കുന്നതായി മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് കേരളം മാലിന്യസംസ്ക്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചത്.കഴിഞ്ഞ വർഷം റാങ്കിംഗിൽ 3963 ആയിരുന്ന കൊച്ചി 50 സ്ഥാനത്തെത്തി വൻ മുന്നേറ്റമാണ് നടത്തിയത്. തിളക്കമേറിയ നേട്ടം സ്വന്തമാക്കിയ എല്ലാ നഗരസഭകളെയും ഭരണസമിതികളെയും പൗരാവലിയെയും സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:ദേശീയ ശുചിത്വ റാങ്കിംഗിൽ കേരളം കൈവരിച്ച തിളക്കമേറിയ നേട്ടം പങ്കുവെക്കാനാണ് ഈ പോസ്റ്റ്. ചരിത്രത്തിലാദ്യമായി രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയെന്ന സന്തോഷം ഏവരുമായും പങ്കുവെക്കുന്നു. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് കേരളം മാലിന്യസംസ്ക്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചത്. കേരളത്തിലെ ആകെയുള്ള 93 നഗരസഭകളിൽ 82 ഉം ഇക്കുറി ആയിരം റാങ്കിൽ ഇടം നേടി.ഒപ്പം, സ്പെഷ്യൽ കാറ്റഗറിയിലെ മിനിസ്റ്റീരിയൽ അവാർഡ് മട്ടന്നൂർ നഗരസഭ സ്വന്തമാക്കി. ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്തിനൊപ്പം അവാർഡ് ഏറ്റുവാങ്ങി. വെളിയിട വിസർജ്യമുക്തമായ നഗരങ്ങൾക്കുള്ള ഏറ്റവും ഉയർന്ന റാങ്കിംഗായ വാട്ടർ പ്ലസ് റേറ്റിംഗ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ നഗരമായി തിരുവനന്തപുരം മാറി. ഇതിന് പുറമേ 13 നഗരങ്ങൾക്ക് ഒഡിഎഫ്, 77 നഗരങ്ങൾക്ക് ഒഡിഎഫ് പ്ലസ്, മൂന്ന് നഗരങ്ങൾക്ക് ഒഡിഎഫ് പ്ലസ് പ്ലസ് റേറ്റിംഗും സ്വന്തമാക്കി.മാലിന്യമുക്ത നഗരങ്ങൾക്കുള്ള (garbage free city star rating) ത്രീ സ്റ്റാർ റേറ്റിംഗ് മൂന്ന് നഗരങ്ങളും വൺ സ്റ്റാർ റേറ്റിംഗ് 20 നഗരങ്ങളും സ്വന്തമാക്കി. തിളക്കമേറിയ നേട്ടം സ്വന്തമാക്കിയ എല്ലാ നഗരസഭകളെയും ഭരണസമിതികളെയും പൌരാവലിയെയും സംസ്ഥാന സർക്കാരിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു.ആദ്യ നൂറിൽ സ്ഥാനം പിടിച്ച നഗരസഭകൾ കൊച്ചി 50 മട്ടന്നൂർ 53 തൃശൂർ 58 കോഴിക്കോട് 70 ആലപ്പുഴ 80 ഗുരുവായൂർ 82 തിരുവനന്തപുരം 89 കൊല്ലം 93 കഴിഞ്ഞ വർഷം കൊച്ചിയുടെ റാങ്ക് 3963 ആയിരുന്നു, മട്ടന്നൂരിലേത് 1854 ഉം, ഗുരുവായൂരിന്റേത് 2364 മായിരുന്നു. ഈ നിലയിൽ നിന്നാണ് നമ്മുടെ നഗരങ്ങൾ മുകളിലുള്ള മുന്നേറ്റം സാധ്യമാക്കിയത്. കേരളത്തിലെ നഗരങ്ങൾക്ക് കഴിഞ്ഞ വർഷം ലഭിച്ച ഏറ്റവും ഉയർന്ന റാങ്ക് 1370 ആയിരുന്നു, ഈ വർഷത്തെ ഏറ്റവും താഴ്ന്ന റാങ്കിംഗ് 1385 ആണ്. ഈ മുന്നേറ്റമാണ് നാം സ്വന്തമാക്കിയത്.ഇത്തവണ 23 നഗരസഭകൾ സ്റ്റാർ റേറ്റിങ്ങ് കരസ്ഥമാക്കിയതും എടുത്തു പറയേണ്ടതാണ്. സ്റ്റാർ റേറ്റിങ്ങ് ഇതുവരെ കേരളത്തിലെ ഒരു നഗരസഭയ്ക്കും ലഭിച്ചിരുന്നില്ല. 23ൽ ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി എന്നീ മൂന്ന് നഗരസഭകൾക്ക് ത്രീസ്റ്റാർ പദവി നേടാനായി. സ്വച്ഛ് സർട്ടിഫിക്കേഷനുകളില്‍ ഏറ്റവും ഉയർന്ന റേറ്റിംഗായ WATER+ നേടി തിരുവനന്തപുരം കോർപ്പറേഷൻ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. കൊച്ചി, കൽപ്പറ്റ, ഗുരുവായൂർ നഗരസഭകൾക്ക് ODF++ ഉം, 77 നഗരസഭകൾക്ക് ODF+ സർട്ടിഫിക്കേഷനും ലഭിച്ചു. 2023 വരെയുള്ള കണക്കുകൾ പ്രകാരം ഒരു നഗരസഭയ്ക്ക് മാത്രമായിരുന്നു ODF++ റേറ്റിംഗ് എങ്കിലും ലഭിച്ചത്.ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ സംസ്ഥാന സർക്കാർ തീവ്രമായി നടപ്പിലാക്കിയ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ കേരളം ഒന്നുചേർന്ന് നടത്തിയ വലിയ മുന്നേറ്റമാണ് ഈ ഓരോ പുരസ്കാരങ്ങളിലൂടെയും അംഗീകരിക്കപ്പെടുന്നത്. ദേശീയ തലത്തിലെ മികച്ച ശുചിത്വമാതൃകയായി മാറാൻ കേരളത്തിന് കഴിഞ്ഞു. ഈ ദേശീയ അംഗീകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പ്രചോദനവുമാണ് ഈ പുരസ്കാരം. മാലിന്യമുക്തമായ കേരളം ഒരുക്കാനുള്ള പോരാട്ടത്തിൽ നമുക്ക് ഏവർക്കും കൈകോർക്കാം.
