വള്ളിക്കാപ്പറ്റ : കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ ആദ്യ എൽഎസ്എസ് നേടിയ വിദ്യാർഥിനിയായി എ.കെ.ഫാത്തിമ ഹനിൻ. താമരശ്ശേരി സ്വദേശിയാണ് ഫാത്തിമ ഹനിൻ. എല്ലാ വർഷവും തിരുവനന്തപുരം ഡിജിഇയിൽ നിന്നു പ്രത്യേക ഉത്തരവുവാങ്ങിയാണ് എൽഎസ്എസ് പരീക്ഷയ്ക്ക് അപേക്ഷിക്കാറുള്ളത്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇതര സംസ്ഥാന വിദ്യാർഥികളും പരീക്ഷ എഴുതാറുണ്ട്.പൊതുവിദ്യാലയങ്ങളിൽ എൽഎസ്എസിന് അപേക്ഷിക്കുന്ന പോലെ ഇവർക്ക് അപേക്ഷ നൽകിയാലും പരീക്ഷയ്ക്ക് ഇരിക്കാനാവില്ല. പരീക്ഷാസഹായിയെ നിയമിച്ച് കൊണ്ടുള്ള ഡിജിഇയിൽ നിന്ന് ഉത്തരവ് എഇഒ മുഖേന സ്കൂളിനു ലഭിക്കണം. ഈ ഉത്തരവ് പരീക്ഷയുടെ തലേദിവസം മാത്രമാണു ലഭിക്കുക. അതു കൊണ്ട് തന്നെ ഇവരുടെ പരീക്ഷാ അപേക്ഷ സമർപ്പണം സങ്കീർണമാണ്. ഇതുമൂലം ഇത്തരം സ്കൂളുകളിൽ പലരും എൽഎസ്എസിനു ഇരുത്താൻ ശ്രമിക്കാറില്ല. 1955 ൽ കാഴ്ച പരിമിത വിദ്യാർഥികളുടെ പഠനത്തിനും പുനരധിവാസത്തിനുമായി സ്ഥാപിച്ചതാണു കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡ്.
Check Also
Close