Uncategorized

ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മാനന്തവാടി എം.എൽ.എയായ ഒ.ആർ. കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടികജാതി-പട്ടിക വർഗ ക്ഷേമ മന്ത്രിയായി ചുമതലയേറ്റാണ് കേളു രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആലത്തൂരിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. വയനാട്ടിൽ നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സി.പി.എം ജനപ്രതിനിധിയാണ് കേളു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സി.പി.എം മന്ത്രിയും.

ഒ.ആര്‍. കേളു എം.എല്‍.എയുടെ പിതാവ് ഓലഞ്ചേരി രാമന്‍, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആര്‍. രവി (അച്ചപ്പന്‍), ഒ.ആര്‍. ലീല, ഒ.ആര്‍. ചന്ദ്രന്‍, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. പിണറായി മന്ത്രിസഭയിൽ വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ പ്രതിനിധിയാണ് ഒ.ആർ. കേളു. വയനാട് ജില്ലയിൽ നിന്ന് സി.പി.എം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് കുറിച്യ സമുദായാംഗമായ ഒ.ആർ. കേളു. പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനും ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റുമാണ്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ത്തില്‍ ഗ്രാമപഞ്ചായത്തംഗമായി. 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് നിയമസഭയിലെത്തി. 2021ലും വിജയം ആവർത്തിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തിയിരുന്നില്ല. എന്നാൽ പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്തു. മന്ത്രി ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങും പ്രതിപക്ഷം ബഹിഷ്‍കരിച്ചിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button