സ്വര്‍ണവില വന്‍ കുതിപ്പ്; സര്‍വകാല റെക്കോര്‍ഡിലേക്ക്

കേരളത്തില്‍ സ്വര്‍ണവിയില്‍ ഇന്ന് വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും വില ഉയരുകയാണ്. ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവ് സംഭവിച്ചു. ബിറ്റ് കോയിന് വില ഉയരുകയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. അതേസമയം, രാജ്യാന്തര വിപണിയില്‍ വെള്ളി വില ഔണ്‍സിന് 39 ഡോളറിലേക്ക് അടുത്തു.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9285 രൂപയായി. പവന് 840 രൂപ കൂടി 74280 രൂപയായി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന് നിരക്കാണിത്. 240 രൂപ കൂടി വര്‍ധിച്ചാല്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തും. വൈകാതെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണം കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രമാതീതമായി വില ഏറി വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കുറഞ്ഞ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് തിരിയുന്നുണ്ട്.
കാരറ്റ് കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കുറയുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7615 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റിന് 3825 രൂപയുമാണ് വില. വെള്ളിയുടെ ഗ്രാം വില 123 രൂപയില്‍ നില്‍ക്കുകയാണ്. അടുത്ത കാലത്തായി 18, 14 കാരറ്റുകളിലെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3390 ഡോളറായി. നേരത്തെ 3400 കടന്ന് കുതിച്ച ശേഷമാണ് ഇടിഞ്ഞത്. ഡോളര്‍ സൂചിക 98ന് താഴെയാണുള്ളത്. രൂപയുടെ വിനിമയ നിരക്ക് 86.29ലെത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന്റെ വില 68 ഡോളറാണ്. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 72000 രൂപയായിരുന്നു.
